സ്നേഹം

ഡൈനിങ് ടേബിളിൽ വിളമ്പി വെച്ച ചോറിൽ വിരലോടിച്ചുകൊണ്ട് സ്നേഹ അവനെ ആലോചിച്ചിരിക്കുകയായിരുന്നു. രണ്ടുവർഷമായി പ്രണയത്തിലായിരുന്നവർ, അവൻ നാളെ ദുബായിക്ക് പോവുകയാണ്. ഇനി രണ്ടുവർഷം കഴിഞ്ഞേ വരൂ.
യാത്ര അയക്കാൻ പോകാൻ പറ്റില്ല, പക്ഷെ എനിക്കവനെ കണ്ടേ തീരൂ. ഇന്ന് വീട്ടിൽ വല്യമ്മച്ചി മാത്രമേ ഉള്ളു, ബന്ധുവിന്റെ കല്യാണത്തിന് പോയ പപ്പയും മമ്മിയും നാളെ വൈകിട്ടോടെയേ വരൂ. വല്യമ്മച്ചി മാത്രമാണ് എന്റെ പ്രണയത്തിന് സപ്പോർട്ട് തന്നത്. അമ്മച്ചിയോട് പറഞ്ഞിട്ട് രാത്രിയിൽ വീട്ടിലെ കാറുമായി പോയി അവനെ കണ്ടിട്ടുവരാം. പക്ഷെ അങ്ങോട്ടുമിങ്ങോട്ടും കൂടി 150 കിലോമീറ്റർ ദൂരം ഉണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കിടയിലൂടെ വേണം പോകാൻ. നട്ടുച്ചയ്ക്ക് പോലും വഴിയിൽ കോടമഞ്ഞ് ആയിരിക്കും. അപ്പോൾ പിന്നെ രാത്രിയിലെ കാര്യം പറയണോ. എന്തായാലും പോവുക തന്നെ. അവൾ ചോറു മുഴുവൻ വേഗം കഴിച്ചു തീർത്തു.
അമ്മച്ചിയോട് കാര്യം പറഞ്ഞു. ആദ്യം ഒന്നും സമ്മതിച്ചില്ല. രാത്രി പത്തുമണിക്ക് ഒരു പെണ്ണിനെ പുറത്ത് വിടാൻ ഉള്ള പേടി അമ്മച്ചിയുടെ മുഖത്ത് കാണാം, അമ്മച്ചി ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ഞാനിവിടെ എത്തിക്കോളം എന്ന എന്റെ ഉറപ്പിലും രാത്രി യാത്ര ഞാൻ ഒരുപാട് നടത്തിയിട്ടുള്ളതുകൊണ്ടും അമ്മച്ചി ഒടുക്കം മനസ്സില്ലാ മനസോടെ സമ്മതിച്ചു എന്നുവേണം പറയാൻ. സമയം കടന്നുപോയി, ഞാൻ ഗേറ്റ് തുറന്നിട്ടു കാറിൽ കയറി സ്റ്റാർട്ട് ചെയ്തു പുറത്തേക്കു വണ്ടി ഇറക്കി. അമ്മച്ചി ഗേറ്റ് അടച്ചു വീടിനുള്ളിൽ കയറി കഴിഞ്ഞപ്പോൾ ഞാൻ കാർ മുൻപോട്ടെടുത്തു.
ചെറിയ ചാറ്റൽ മഴ ഉണ്ട്, മഴത്തുള്ളികൾ  ഗ്ലാസ്സിൽ പൊടി പോലെ വീഴുന്നു, തൊണ്ണൂറുകളിലെ മെലഡി ഗാനങ്ങൾ കേട്ടുകൊണ്ട് മഴയിൽ വണ്ടി ഓടിച്ചു പോകുമ്പോൾ ഉള്ള സുഖം ഒന്നു വേറെ തന്നെ. വഴിയിൽ മറ്റു വാഹനങ്ങളൊന്നും കാണാനില്ല. അതെന്തായാലും നന്നായി.
അവനെ കാണുമ്പോൾ കരായതിരിക്കണം എന്നു മനസിൽ ഉറപ്പിച്ചു. ഞാൻ കരയുന്നത് അവന് ഇഷ്ടമല്ലല്ലോ. ഇനി രണ്ടു വർഷം കഴിഞ്ഞേ കാണാൻ പറ്റൂ. അപ്പോൾ നാട്ടിൽ വരുമ്പോൾ കല്യാണം നടത്താം എന്നാണ് രണ്ടു വീട്ടുകാരും പറഞ്ഞിരിക്കുന്നത്. അത്രയും നാൾ കാണാതെ ഇരിക്കുക എന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഇന്ന് കാണുമ്പോൾ താൻ കരഞ്ഞു പോകും ഉറപ്പ്. അവനെ കാണുമ്പോൾ തന്നെ കെട്ടിപിടിചു കുറേ നേരം ഒന്നും മിണ്ടാതെ നിൽക്കണം. ഒരുപാടുതവണ അവൻ ആവശ്യപ്പെട്ടിട്ടും താൻ നൽകാത്ത ആദ്യ ചുംബനം അവനു നൽകണം.
വാഗമണ്ണിലേക്കു കടന്നപ്പോൾ റോഡിൽ നിറയെ മൂടൽ മഞ്ഞു നിറഞ്ഞു. മഞ്ഞിന്റെ വെളുപ്പ് കാരണം റോഡിന്റെ കറുപ്പ് കാണാൻ ഇല്ല. ഇരുവശത്തും ഉള്ള മൊട്ടക്കുന്നുകളും മഞ്ഞിനുള്ളിൽ മറഞ്ഞു നിൽക്കുന്നു. കുറച്ചു മാറി ചെറിയൊരു വെള്ളച്ചാട്ടം. ഒരു ലക്കും ഇല്ലാതെ പാഞ്ഞുവരുന്ന വെള്ളം താഴേക്ക് വീണു പല തുള്ളികളായി ചിതറി തെറിച്ചു വീഴുന്നു. അതിൽ കുറെ കാറിന്റെ ഗ്ലാസ്സിലും വീണു. അതുവരെ ചില്ലിൽ തങ്ങി നിന്ന ചെറിയ മഴത്തുള്ളികൾ അതിനോടൊപ്പം ഒലിച്ചു പോയി.
പലപ്പോഴും അവനോടൊപ്പം ഈ വഴി വന്നിട്ടുണ്ട്, അന്നൊക്കെ ബൈക്കിന്റെ പിന്നിൽ അവനെ ഇറുകെ പുണർന്നിരുന്നായിരുന്നു യാത്ര, അങ്ങനെ പോകുമ്പോൾ ഞങ്ങൾ പറയുമായിരുന്നു ഇതുപോലൊരു സ്ഥലത്തു വീട് വെച്ചു താമസിക്കണം എന്ന്. ഒരു ചെറിയ കുന്നിന്റെ ചെരുവിൽ കളകളം ഒഴുകുന്ന അരുവിയുടെ ഓരത്ത് ഒരു കുഞ്ഞു വീട് അതിനും അരുവിക്കും ഇടയിലായി ഒരു ചെറിയ വള്ളിക്കുടിൽ. ഡിസംബറിലെ തണുത്ത പ്രഭാതങ്ങളിൽ താഴ്വരയിൽ കോടമഞ്ഞിറങ്ങുന്നത് അവനോടൊപ്പം കണ്ടിരിക്കണം, മദിച്ചു പെയ്യുന്ന രാത്രി മഴകൾ മുറ്റത്തിറങ്ങി ആവോളം നനയണം. വെയിൽ വീഴാൻ തുടങ്ങുമ്പോൾ പുൽത്തലപ്പുകളിൽ പറ്റിയിരിക്കുന്ന വെള്ളതുള്ളികളെ തട്ടി തെറിപ്പിച്ചു കുന്നിൻ ചെരുവിലൂടെ  ഓടിക്കളിക്കണം.
മഞ്ഞു വീഴുന്ന തണുത്ത രാത്രികളിൽ അവനോടൊപ്പം ചൂട് കാപ്പിയും കുടിച്ച് വീടിനു വെളിയിൽ  തീ കാഞ്ഞിരിക്കണം. പിന്നെ രാത്രിയിലെപ്പോഴോ അവന്റെ നെഞ്ചിൽ ചേർന്നുറങ്ങണം. ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ സൈഡ് ഗ്ലാസ് മെല്ലെ താഴ്ത്തി. വീശിയടിച്ച ചെറു കാറ്റിൽ മഞ്ഞുകണങ്ങൾ മുഖത്തേക്ക് തെറിച്ചു വീണു. ദേഹമാകെ കുളിരു കോരി. റോഡ്‌ വക്കിൽ പശുക്കൾ കൂട്ടമായി അയവിറക്കിക്കൊണ്ടു കിടപ്പുണ്ട്. പകലത്തെ ഓർമകൾ അയവിറക്കും പോലെ എന്തോ ചിന്തിച്ചു കിടക്കുകയാണെന്നു തോന്നും, ഒരാഴ്ചയിൽ താഴെ പ്രായമുള്ള ഒരു പശുക്കിടാവ് തള്ളപ്പശുവിന്റെ പാൽ കുടിക്കുന്നു. ഈ വഴിയോരത്ത് കിടക്കുന്ന ഇവറ്റകൾക്ക് തണുക്കില്ലേ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്, അവനോടൊപ്പം പോയപ്പോൾ ഞാൻ ഇത് ചോദിച്ചു, കന്നുകാലികൾ കാറ്റും തണുപ്പും ഏറ്റവും കുറവുള്ള സ്ഥലം നോക്കിയാണ് കിടക്കാറുള്ളത് എന്നവൻ പറഞ്ഞു. അവനീ അറിവുകൾ ഒക്കെ എവിടുന്നു കിട്ടി എന്ന് ഞാൻ ഓർത്തു. ആർക്കറിയാം.ഇനിയും ദൂരമേറെ പോകാനുണ്ട്, റോഡിനു വീതി കൂടുതൽ ഉള്ള ഭാഗത്ത്‌ വണ്ടി നിർത്തി. ഫ്ലാസ്കിൽ എടുത്തു വെച്ചിരുന്ന കാപ്പി കപ്പിലേക്ക് ഒഴിച്ചു, കാപ്പിയുടെ ആവി പറക്കുന്ന ഗന്ധം ഒരു പ്രത്യേക ഫീൽ ആണ്. തണുപ്പ് ഉള്ളപ്പോൾ ഊതി ഊതി കുടിക്കാനും ഒരു രസമാണ്. ഗ്ലാസ് ഒന്നുകൂടി താഴ്ത്തി വെച്ചു. മലമുകളിലെ മരങ്ങളെ തഴുകി വന്ന കുളിർ കാറ്റ് എന്റെ കവിളുകളിൽ തലോടി കടന്നുപോയി.
പാറക്കെട്ടുകളിൽ നിന്നു വെള്ളം ചെറുതായി ഒഴുകിയിറങ്ങുന്നു, വഴിയരികിലെ ഇത്തരം പാറകളിൽ ചെറിയ നീല പൂവുള്ള ചെടികൾ വളർന്നു നിൽക്കുന്നത് കാണാം. മറ്റു സ്ഥലങ്ങളിൽ അത് കണ്ടിട്ടില്ല. പിന്നെ പേരറിയാത്ത ഒരു തരം പായലുകളും മറ്റും. വണ്ടി മുൻപോട്ടെടുത്തു, പൈൻ മരക്കാടുകളാണ് ഇരു വശത്തും. അതിന്റെ നൂലുപോലെയുള്ള ഇലകൾ റോഡിൽ പരവതാനി വിരിച്ചപോലെ കിടക്കുന്നു, വണ്ടിചക്രങ്ങൾ പതിയുന്നിടത്തു മാത്രം റോഡ് വര പോലെ കാണാം, പെയ്ത ചാറ്റൽ മഴയെല്ലാം ആ ഇലകൾ ആവാഹിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും. ടയർ കയറുമ്പോൾ വെള്ളം ഇലകളുടെ പിടിയിൽ നിന്നും തെറിച്ചു വീഴുന്നുണ്ട്. ഇടക്കിടക്ക് ചെറിയ മരക്കൊമ്പുകൾ വഴിയിൽ കിടക്കുന്നു. മുൻപിൽ ഉള്ള വളവു തിരിഞ്ഞു ചെല്ലുമ്പോൾ റോഡിനു മുകളിലായി ഒരു മരച്ചുവട്ടിൽ രണ്ടു കേഴയാടുകൾ നിൽപ്പുണ്ട്. അവയും ചാറ്റൽമഴ ആസ്വദിച്ചു നിൽക്കുകയാവും. വഴിയോരത്തെല്ലാം മണ്ണിൽ ഉറങ്ങിക്കിടന്ന കാട്ടുപുൽവിത്തുകൾ നാമ്പുകളായി എത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു. ചിലപ്പോൾ ആ പുൽനാമ്പുകൾ തിന്നാൻ ആയിരിക്കും കേഴയാടുകൾ വന്നു നിൽക്കുന്നത്. ഇളം പുൽ നാമ്പുകൾക്ക് ചെറിയ മധുരം ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്. കുറച്ചു കൂടി മുൻപോട്ടു പോയപ്പോൾ പെട്ടന്ന് മുൻപിൽ ഒരു കാട്ടുപന്നി കൂട്ടം. രണ്ടു വലിയ പന്നികളും കൂടെ പത്തോളം കുഞ്ഞുങ്ങളും. ജാഥ പോലെ ഒന്നിന് പിറകെ വഴി ക്രോസ് ചെയ്യുകയാണ്. എല്ലാം നല്ല കറുത്തിരുണ്ട രൂപം. പോരാത്തതിന് ദേഹം മുഴുവൻ ചെളിയും. കട്ടിനുള്ളിലേ വല്ല ചതുപ്പിലും കിടന്നുരുണ്ടിട്ടു വരുന്നതാകും. അതിൽ ഒരു വികൃതി ലൈൻ തെറ്റിച്ചു മുൻപിൽ കയറി ഓടുന്നു. വീട് അടുക്കാറാകുമ്പോൾ ചില കുട്ടികൾ മുൻപിൽ ഓടി പോകുന്ന പോലെ. 
വഴി താഴേക്കു പോകും തോറും മഞ്ഞിന്റെ കാഠിന്യം കുറഞ്ഞു വന്നു. ദൂരെ നാട്ടു വിളക്കുകൾ കാണാൻ തുടങ്ങി.
ദൂരെ കാണുന്ന വൈദ്യുതി വിളക്കുകളിൽ ചിലത് മിന്നുന്നുണ്ട്, അവരുടെ തന്നെ വെളിച്ചത്തിൽ തലേന്ന് അവർ കണ്ട കാര്യങ്ങൾ പരസ്പരം പങ്കുവെക്കുകയാവും. തങ്ങളുടെ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ടു വരുന്ന പ്രാണികൾക്കും പറവകൾക്കും അപകട സൂചന കൊടുക്കുന്നതുമാവാം. വെളിച്ചം വിതറുന്നവർക്ക് ക്രൂരന്മാരാകാൻ കഴിയില്ലല്ലോ. സൂചന കൊടുത്തിട്ടും തങ്ങളുടെ മേൽ പാറിവന്നു ജീവൻ വെടിയുന്ന ശലഭങ്ങളെയോർത്തു അവർ സങ്കടപ്പെട്ടിട്ടുണ്ടാവുമോ. ചിറകു കരിഞ്ഞു താഴെ വീണു പിടയുന്ന പ്രാണികളെയും ഈച്ചകളെയും നോക്കി നേടുവീർപ്പെട്ടിട്ടുണ്ടാകുമോ. ആർക്കറിയാം. എന്റെ ഓരോ ഭ്രാന്തൻ ചിന്തകൾ. ഇങ്ങനെയുള്ള ചിന്തകൾ ചില യാഥാർഥ്യങ്ങൾ മനസിലേക്ക് വരാതെ വിദഗ്ദ്ധമായി തടഞ്ഞു നിർത്തും. ഇപ്പോൾ ഇങ്ങനെ ചിന്തിക്കേണ്ടതും ചില യാഥാർഥ്യങ്ങൾ എന്റെ മനസിലേക്ക് വരാതെ പിടിച്ചു നിർത്തേണ്ടതും ഈ യാത്രയുടെ പൂർണതക്ക്‌ അനിവാര്യമാണ്.വഴിയോരത്ത് ചെറിയ വീടുകൾ കണ്ടു തുടങ്ങി. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന വീടുകൾക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ കരിമ്പടം പുതച്ചാവും എല്ലാവരും കിടന്നുറങ്ങുന്നത്. വീടിന് വെളിയിൽ തൂങ്ങി കിടക്കുന്ന ബൾബുകൾ പൊഴിക്കുന്ന അരണ്ട വെളിച്ചം മഞ്ഞിന്റെ ആവരണത്തിനു പുറത്തേക്കു വരാൻ ബുദ്ധിമുട്ടുന്നപോലെ തോന്നും. അതോ തന്റെ വെളിച്ചം കാണാൻ ആരുമില്ലാത്തതുകൊണ്ട് അലസമായി കത്തുന്നതാവുമോ. എന്തെങ്കിലും ആവട്ടെ. കുറെ നേരമായി പിന്നിലൊരു വാഹനം വരുന്നുണ്ട്, കയറിപ്പോകാൻ ഇടമുണ്ടായിട്ടും പുറകെയേ വരൂ എന്ന വാശിയിലാണെന്നു തോന്നുന്നു. മഞ്ഞും മഴയും ഉള്ളപ്പോൾ ചെറിയ വാഹനങ്ങൾ വലിയവയുടെ പിന്നിലേ പോകു.അതുപോലെ ആയിരിക്കാം ഇത്, ഹൈവേയിലേക്ക് കയറിയപ്പോൾ ഞാൻ കുറച്ചു വേഗം കൂട്ടി. മലയിറങ്ങി വന്നപ്പോൾ ഉണ്ടായിരുന്ന ചാറ്റൽ മഴ ഇപ്പോൾ കാണാനില്ല. നീണ്ടു കിടക്കുന്ന റോഡുവക്കിൽ നിൽക്കുന്ന റബർ മരങ്ങൾ വഴിയിലേക്ക് ചാഞ്ഞു കുട പോലെ നിൽക്കുന്നു. കാറ്റു വീശുമ്പോൾ എത്രയോ ഇലകളാണ് താഴേക്കു വീഴുന്നത്.ഞാൻ കൊച്ചിയിൽ എൻജിനീയറിങ് പഠിക്കുമ്പോൾ ഉള്ള പരിചയമായിരുന്നു അവനുമായി. ഇടക്ക് അത് എപ്പോളോ സൗഹൃദമായി, പിന്നെ പ്രണയമായി. ഇപ്പൊ മൂന്നു വർഷം പിന്നിടുന്നു. അവന്റെ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ആരും എതിർപ്പ് പറഞ്ഞില്ല. അവന്റെ വീട്ടുകാർക്കും എന്നെ വലിയ കാര്യമാണ്. എന്നും അവന്റെ അമ്മ എന്നെ വിളിക്കും. ഞങ്ങൾ തമ്മിൽ വാ തോരാതെ സംസാരിക്കും. കുറെ കഴിയുമ്പോൾ അവൻ വന്നു ഫോൺ വാങ്ങിയിട്ട് പറയും ഇപ്പോളെ എല്ലാം പറഞ്ഞു തീർത്താൽ ഇവിടെ വരുമ്പോൾ നിങ്ങൾക്ക് പരസ്പരം ഒന്നും മിണ്ടാൻ കാണില്ലാരിക്കും എന്ന്. ഞാൻ വീട്ടിലെ ഒറ്റ മകൾ ആയതുകൊണ്ടും അവന്റെ കുടുംബം സാമ്പത്തികമായി ഇത്തിരി പുറകിൽ ആയിരുന്നതിനാലും എന്റെ വീട്ടിൽ നല്ല എതിർപ്പ് ആയിരുന്നു. പിന്നെ എങ്ങനെയോ സമ്മതിച്ചു. സ്വന്തം കാലിൽ നിന്നിട്ട് കല്യാണം മതി എന്ന ഒറ്റ വാശിയിലാണ് അവൻ ഇപ്പോൾ വിദേശത്തു പോകുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ കല്യാണവും ഇത്രയും താമസിക്കുന്നത്. ആദ്യം ഞാൻ പോകണ്ട എന്നൊക്കെ പറഞ്ഞെങ്കിലും അവൻ അതിൽ ഉറച്ചു നിന്നു. ഇന്ന് കാണുമ്പോളും പറയണം പോകണ്ട എന്ന്. പതിവുപോലെ അവൻ ഒന്നു പൊട്ടിച്ചിരിക്കും. അല്ലാതെ വേറൊന്നും സംഭവിക്കില്ല.ഹൈവേയിൽ നിന്നും ചെറിയ ഒരു റോഡിലേക്ക് കയറി. ഇതിലേ കുറച്ചു ദൂരം കൂടി പോയാൽ അവന്റെ വീടെത്തും, അവന്റെ ഭാഷയിൽ പറഞ്ഞാൽ അവന്റെ കൊട്ടാരം. പോകുന്ന വഴിയിൽ റബർ മരത്തിന്റെ ഇലകൾ ഒരുപാട് വീണു കിടക്കുന്നു. വൈകുന്നേരം മഴ പെയ്തതാവാം, ചെറിയ വഴി ആയിട്ടും ഇന്ന് ഒരുപാട് വണ്ടികൾ പോയ പോലെ ഉണ്ട്. ചിലപ്പോൾ അവന്റെ ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ടാവാം. പിന്നെ കുറെ കൂട്ടുകാരും ഉണ്ടല്ലോ. രാത്രി ആയപ്പോൾ അവരൊക്കെ തിരിച്ചു പോയിക്കാണും, അതോ അവനെ കൊണ്ടുവിട്ടിട്ടെ മടക്കം ഉള്ളോ, ആവോ. രണ്ടു വളവുകൾ കഴിഞ്ഞാൽ അവന്റെ വീടായി. അവന്റെ വീട്ടുകാരും ബന്ധുക്കളും എന്നെ കാണുമ്പോൾ ആശ്ചര്യപ്പെടും. ഈ സമയത്ത്‌ എന്നെ ആരും പ്രതീക്ഷിക്കില്ലല്ലോ. അവന്റെ ബന്ധുക്കൾ ഒന്നും പോയിട്ടില്ല, അവർ വന്ന വണ്ടികൾ ഒക്കെ റോഡ്‌ സൈഡിൽ കിടപ്പുണ്ട്. കുറേപ്പേർ വീടിനു വെളിയിലും നിൽപ്പുണ്ട്, എന്തായാലും കാർ കുറച്ചു മുൻപോട്ട് മാറ്റി പാർക്ക് ചെയ്യാം, കാർ ഒതുക്കിയിട്ടു. പുറത്തിറങ്ങി വലതുകാൽ വെച്ചത് ചെളിയിൽ. ചെരിപ്പു മുഴുവൻ ചെളി ആയി. അവന്റെ വീട്ടിൽ കുറെ ആൾക്കാർ ഉണ്ടല്ലോ. ഇത്രേം ആളുകൾ ഉള്ളത്കൊണ്ട് സ്വസ്ഥമായി അവനോടൊന്നു മിണ്ടാൻ പോലും പറ്റില്ലായിരിക്കും. വഴിയിൽ നിന്ന രണ്ട് ചേട്ടന്മാർ എന്നെ രൂക്ഷമായി നോക്കി. പരിചയം ഇല്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു. കൂട്ടം കൂടി അവിടിവിടെയായി ആൾക്കാർ നിൽപ്പുണ്ട്. അവന്റെ കൂട്ടുകാർ ആയിരിക്കും. വീടിനു വെളിയിലെ ടാപ്പ് തുറന്ന് ചെളിപ്പറ്റിയ കാൽ കഴുകി. ചെരിപ്പ് ഊരിയിട്ട് അകത്തേക്ക് കയറി. നേരെ കാണുന്ന മുറിയിൽ അവൻ കിടപ്പുണ്ട്. അവന്റെ ചുറ്റും കുറേപ്പേരും. അത്ര പരിചയം ഉള്ളവർ അല്ല. ഞാൻ അവൻ കിടക്കുന്ന കട്ടിലിന്റെ അടുത്തു ചെന്ന് മുട്ടിൽ ഇരുന്നു, ചുറ്റും നിൽക്കുന്നവർ എന്നെ പരിചയം ഇല്ലാത്ത കൊണ്ട് സൂക്ഷിച്ചു നോക്കുന്നുണ്ട്.വീട്ടിൽ നിന്നും പോന്നപ്പോൾ തീരുമാനിച്ചപോലെ കണ്ടപാടെ ഞാൻ അവനെ കെട്ടിപ്പിടിച്ചു. അവൻ പലതവണ ആവശ്യപ്പെട്ടിട്ടും നൽകാത്ത ആദ്യ ചുംബനം അവന്റെ നെറ്റിയിൽ നൽകി. ഞാൻ മുഖം ഉയർത്തി നോക്കി, അവന്റെ കട്ടിലിനു പിന്നിലായി ഒരു ചെറിയ മേശയിൽ തിരികൾ കത്തിച്ചു വെച്ചിട്ടുണ്ട്. അതിന്റെ അടുത്തായി ഒരു കുരിശ്, പിന്നെ കുറച്ചു ചന്ദന തിരികൾ കത്തുന്നു. അവന്റെ ദേഹത്ത് കുറെ റോസാപ്പൂക്കൾ വെച്ചിട്ടുണ്ട്, കൂടെ അവന് ഇഷ്ടമില്ലാത്ത കുറച്ച് അരളിപ്പൂക്കളും. ഞാൻ അത് പെറുക്കി മാറ്റി. അവനിഷ്ടമല്ലാത്തതൊന്നും അവന്റെ ദേഹത്തു വേണ്ട. അപ്പോളേക്കും അവന്റെ അമ്മ അകത്തെ മുറിയിൽ നിന്നും ഓടി വന്നു. വന്നപാടെ എന്റെ അടുക്കൽ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു. അവർ വാവിട്ടു കരഞ്ഞു. അവരുടെ ബന്ധുക്കൾ ഞങ്ങളെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി.അവന്റെ അമ്മ കരയുന്നതല്ലാതെ ഒന്നും സംസാരിച്ചില്ല, അവൻ പറഞ്ഞ പോലെ ഞങ്ങൾ നേരത്തെ എല്ലാം പറഞ്ഞു തീർത്തിരുന്നല്ലോ. നാളെ ദുബായിൽ പോകാൻ തയ്യാറെടുത്തിരുന്നതാണ് അവൻ, ടൗണിൽ പോയി ഒരു സുഹൃത്തിനെ കണ്ടു തിരിച്ചു ബൈക്കിൽ വരുന്ന വഴി എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചെന്നു എന്റെ കൂട്ടുകാരിയാണ് വൈകുന്നേരം എന്നെ വിളിച്ചു പറഞ്ഞത്. തൊട്ടുപിറകെ തന്നെ ഞാൻ അറിഞ്ഞു അവൻ പോയി എന്ന്. ഞാൻ അപ്പോൾ തന്നെ ഫോൺ ഓഫാക്കി വെച്ചു. ഇതു പറഞ്ഞ് ആരും എന്നെ വിളിക്കരുത് ഇനി. വീട്ടിൽ ഉണ്ടായിരുന്ന അമ്മച്ചിയോടും ഞാൻ ഒന്നും പറഞ്ഞില്ല. നേരത്തെ പ്ലാൻ ചെയ്ത പോലെ ഒന്നും സംഭവിച്ചിട്ടില്ല എന്നു മനസിനെ പഠിപ്പിച്ചു ഞാൻ അവനെ കാണാൻ വേണ്ടി പുറപ്പെട്ടു. അവനെ കണ്ടു. ഇനി അവനെ ഒന്നു കൂടി കെട്ടിപിടിക്കണം, എന്റെ അന്ത്യ ചുംബനവും അവന്റെ നെറ്റിയിൽ നൽകണം. ഞാൻ കരയില്ല, കാരണം ഞാൻ കരയുന്നത് അവന് ഇഷ്ടമല്ലല്ലോ.
ജെറിൻ💟

Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)