ഒരു ജവാന്റെ കഥ

ഒരു ജവാന്റെ കഥ (ഭാഗം 1)
ലോക്ക് ഡൗണിന്റെ 25ആം ദിവസം, നേരം വെളുത്തു വരുന്നതേ ഉള്ളൂ, ബിവറേജ് ഷോപ്പിന്റെ ഏറ്റവും താഴത്തെ തട്ടിൽ ഉറങ്ങിക്കിടന്ന ജവാൻ പതിവു പോലെ ആദ്യം ഉണർന്നു. അതാണ് ശീലം, ആഗ്രഹം ഉണ്ടായിട്ടല്ല. ജവാൻ കഴിക്കുന്നത് കൂടുതലും അധ്വാനിക്കുന്ന തൊഴിലാളി വർഗം ആണ്, അവർക്ക് ഹാങ്ങോവർ എന്നും പറഞ്ഞു കിടന്നുറങ്ങിയാൽ രാവിലെ പണിക്കു പോകാൻ പറ്റില്ല. എന്നും വൈകിട്ടു 2 എണ്ണം അടിക്കാനും അന്നന്നത്തെ ആഹാരത്തിനും എന്നും പണിക്കു പോയേ പറ്റു. ആ ശീലം ഉള്ളത്കൊണ്ട് ജവാൻ അതിരാവിലെ എണീറ്റു ചുറ്റും നോക്കി. തൊട്ടടുത്ത്‌ എംസി യും ഹണീബി യും കെട്ടിപിടിച്ചു കിടപ്പുണ്ട്. ജവാന്റെ ഉറ്റ സുഹൃത്തുക്കൾ ആണവർ, വിശേഷ ദിവസങ്ങളിലും കല്യാണ വീടുകളിലും ഒക്കെ ജവാനോടൊപ്പം ഗ്ലാസ് പങ്കിടുന്ന ചങ്ക് കൂട്ടുകാർ. മൂന്നുപേരും ഏതാണ്ട് സമ പ്രായക്കാർ ആണ്. അടിസ്ഥാന വർഗ്ഗം.
തന്റെ പൂർവികരായ വിക്ടോറിയ, കൊളംബിയ, കെ എസ് 99 എന്നിവയൊക്കെ മനസിൽ ധ്യാനിച്ച് ജവാൻ കിടക്കയിൽ നിന്നും എണീറ്റു. സൂര്യപ്രകാശം കണ്ടിട്ട് ദിവസം കുറെ ആയി. നേരത്തെ ഇലക്ഷൻ സമയത്തും ഒക്ടോബർ 1,2 നും മാത്രമേ ഒന്നിൽ കൂടുതൽ ദിവസം അടഞ്ഞു കിടക്കേണ്ടി വന്നിട്ടുള്ളൂ. ഇതിപ്പോ എത്ര നാളായി. ആദ്യം ഒക്കെ നല്ല രസമാരുന്നു, ആൾക്കാരുടെ തള്ളിക്കയറ്റം ഇല്ല, ഒച്ചയില്ല, പൊടിയില്ല. നാലഞ്ചു ദിവസം വർത്തമാനം പറഞ്ഞും കളിച്ചിരികളുമായും കടന്നുപോയി. ഉറക്കെ സംസാരിച്ചാൽ വഴക്കു പറയുന്ന ജോണീ വാക്കറും, ഷിവാസ് റീഗലും ഒക്കെ മറ്റുള്ളവരോട് മിണ്ടാൻ തുടങ്ങി. അവർ ഹൈ ക്ലാസ് പാർട്ടികൾ ആയിരുന്നുകൊണ്ടു പാവം നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ലാരുന്നു. ഇപ്പൊ ദേ സ്കോട്ലണ്ടിലെ വിശേഷം ഒക്കെ പറയുന്നത് കേൾക്കണം. ഹൊ.
അവരെ കൊണ്ടുപോകുന്നവർ അധികം മിണ്ടറില്ലത്രേ, ഒഴിച്ചു വെച്ചിട്ടു ഒരു മണിക്കൂർ കൊണ്ടൊക്കെയേ കുടിച്ചു തീർക്കൂ. പോരാത്തതിന് വെള്ളത്തിന്റെ കൂടെ ഐസും ഇട്ടു ദ്രോഹിക്കാറുണ്ടത്രേ. പാവങ്ങൾ. എത്ര വലിയവർ ആയിട്ടെന്താ. അതൊക്കെ ഓർക്കുമ്പോൾ ആണ് ജവാൻ താൻ എത്ര ഭാഗ്യവാൻ ആണെന്ന് ഓർക്കുന്നത്. എന്നും പാവപ്പെട്ടവരുടെ കൂടെ ആണല്ലോ സഹവാസം എന്നൊരു സങ്കടം ഉണ്ടാരുന്നു. ജോണി വാക്കർ പോലുള്ള കൂടിയ കക്ഷികളുടെ കഥകൾ കേട്ടപ്പോൾ ആ സങ്കടം മാറിക്കിട്ടി.
നമ്മടെ ആൾക്കാർ ഒഴിച്ചു തീരേണ്ട താമസം ഒറ്റ വലിക്ക് അകത്താക്കും. പേരിനു ഒന്നോ രണ്ടോ തുള്ളി വെള്ളം ചേർത്താലായി. എംസിയും ഹണീബി യും ഇതുവരെ എണീറ്റിട്ടില്ല. ഇന്നലെ പാതിരാ വരെ റഷ്യയിൽ നിന്നുള്ള ബെക്കാർഡിയുടെ കഥകൾ കേട്ട് ഇരിക്കുകയായിരുന്നു അവർ. വിപ്ലവ നേതാക്കന്മാർ ആയിരുന്നത്രേ അയാളുടെ കൂട്ട്. ഇവിടെ എല്ലാ പിള്ളേര് സെറ്റിനും പ്രിയപ്പെട്ടവനാണ് കക്ഷി. സ്ത്രീകൾക്കും വളരെ വേണ്ടപ്പെട്ടവൻ ആണ്, അതിന്റെ ചില്ലറ അഹങ്കാരം ആ മുഖത്ത് കാണാൻ ഉണ്ട്. സത്യം പറഞ്ഞാൽ ജവാനെ ഒന്നും താങ്ങാൻ കപ്പാസിറ്റി ഇല്ലാത്തവർ ആണ് തന്നെ കൊണ്ടുപോകുന്നതെന്ന് ബെക്കാർഡിക്കു അറിയില്ലല്ലോ എന്നോർത്തു ജവാൻ ഊറി ചിരിച്ചു.
ചിരി കേട്ടിട്ടു ആണെന്ന് തോന്നുന്നു മുകളിൽ ഇരുന്ന റോയൽ ആംസ് ചാടി എണീറ്റു. പുതിയ ആളാണ്. വന്നപ്പോൾ മുതൽ ജാഡ ആയിരുന്നു അവന്. സ്റ്റാൻഡേർഡ് ആൾക്കാരുടെ കൂടെയെ പോകു എന്നൊക്കെ പറഞ്ഞു എന്തൊരു ഷോ ആരുന്നു. പ്രീമിയം കൗണ്ടറിലെ ഇരിക്കൂ, പേപ്പർ കവറിനുള്ളിലെ കിടക്കൂ. എന്തൊക്കെ ആയിരുന്നു. ഇപ്പൊ പ്ളാസ്റ്റിക് കുപ്പിയിൽ വരാൻ തുടങ്ങിയപ്പോൾ എല്ലാം പോയി. പട്ടിക്ക് പോലും വേണ്ടന്നായി.
(തുടരും)                 
ജെറിൻ

Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം