കാട്

വണ്ടിപ്പെരിയാറിൽ നിന്നും പോന്നപ്പോൾ സമയം രാത്രി 12.30 കഴിഞ്ഞിരുന്നു, രാത്രിയിൽ വള്ളക്കടവ് ചെക്ക്പോസ്റ്റിലൂടെ ആരെയും കടത്തി വിടില്ല, ചെക്ക്പോസ്റ്റിന് അപ്പുറം തേക്കടി വനമേഖലയാണ്. ബൈക്കുമായി ചെന്നാൽ കടത്തി വിടില്ല എന്നു ഉറപ്പാണ്. എനിക്ക് ഈ രാത്രിയിൽ ഗവിയിൽ ഞാൻ താമസിക്കുന്ന കോട്ടേഴ്സിൽ ചെന്നേ മതിയാകൂ. അവിടെ ഞാൻ മറന്നുവെച്ച ഫോണിൽ എന്റെ കാമുകി എത്ര തവണ വിളിച്ചിട്ടുണ്ടാകും, ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലറിഞ്ഞപ്പോൾ മുതൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു. അവളുടെ ഫോൺ വീട്ടുകാർ പിടിച്ചെടുത്തു.  ഇന്നലെ പുതിയ ഫോണും സിം ഉം വാങ്ങി ഒരു കൂട്ടുകാരിയുടെ കയ്യിൽ കൊടുത്തുവിട്ടു. പുതിയ സിം ആയതുകൊണ്ട് നമ്പർ ഓർമ ഇല്ല, വൈകുന്നേരം പെരിയാർ ടൌൺ വരെ പോയതാണ്. തിരിച്ചു വരുന്ന വഴി ലൈസൻസ് ഇല്ലാത്തതുകൊണ്ട് പോലീസ് പിടിച്ചു, സ്റ്റേഷന് വാതിൽക്കൽ വച്ചായിരുന്നു സംഭവം. അതുകൊണ്ട് നേരെ സ്റ്റേഷനിൽ കൊണ്ടുപോയി ഇരുത്തി. SI വരുമ്പോൾ വിടാം എന്നു പോലീസുകാരൻ പറഞ്ഞപ്പോൾ ആശ്വസിച്ചു ഇരുന്നു, ആരെയും വിളിച്ചു പറയാൻ കയിൽ ഫോനും ഇല്ല, രാത്രി ആയി, SI വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല, എപ്പോ വരും എന്നു ചോദിക്കാൻ പോയാൽ ചിലപ്പോൾ കണ്ണുപൊട്ടുന്ന തെറി കേൾക്കും, അതുകൊണ്ട് മിണ്ടാതെ ഇരുന്നു. ഇടക്കെപ്പോഴോ മയങ്ങിപ്പോയി, 2 ദിവസമായി ഏലക്ക സ്റ്റോറിൽ ആയിരുന്നു പണി. 2രാതി ഉറങ്ങാത്തത്തിന്റെ ക്ഷീണം സ്റ്റേഷനിലെ തണുത്ത ഭിത്തിയിൽ ചാരി ഇരുന്നപ്പോൾ ഉറക്കമായി പിടികൂടി. ഇടക്കെന്തോ ശബ്ദം കേട്ടു ഉണർന്നു, നാട്ടുകാർ കൂടി ഏതോ കള്ളനെ പിടിച്ചുകൊണ്ടു വന്നതാണ്, SI യും വന്നു, കള്ളനെ കഴുത്തിനു പിടിച്ചു ലോക്കപ്പിലേക്ക് തള്ളിയ ശബ്ദമാണ് ഞാൻ കേട്ടത്. പെട്ടന്ന് നോക്കിയപ്പോൾ പരിചയമുള്ള പാർട്ടി നേതാവിനെ കണ്ടു, ചെന്നു കാര്യം പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. അങ്ങനെ നേതാവിന്റെ ശുപാർശയിൽ എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. വേഗം പുറത്തിറങ്ങി ബൈക്ക് തപ്പി പിടിച്ച് സ്റ്റാർട്ട് ആക്കി. KK റോഡിൽ നിന്നും ഗവിയിലേക്കുള്ള റോഡിൽകൂടി ബൈക്കുമായി പാഞ്ഞു. ചെക്ക്പോസ്റ്റിൽ കൂടി ഇനി പോകാൻ പറ്റില്ല, ആരും കാണാതെ ചെക്ക്പോസ്റ്റിന് സൈഡിൽകൂടി ഒഴുകുന്ന പെരിയാറിൽ കൂടി നടന്നാൽ ചെക്ക്പോസ്റ്റിന് അപ്പുറം എത്താം. പക്ഷെ ഇവിടെ നിന്നു 19 കിലോമീറ്റർ നടന്നാലെ ഗവിയിൽ എത്തു. ചെക്ക്പോസ്റ്റിൽ ഉള്ളവർ കാണാതെ ബൈക്കു ഒരു കടയുടെ സൈഡിൽ വെച്ചു ലോക്ക് ചെയ്തു.  വണ്ടിയുടെ സൈഡ് ബോക്സിൽ ഇരുന്ന തലയിൽ വെക്കാവുന്ന ടോർച്ചും ചെറിയ കത്തിയും എടുത്തു പോക്കറ്റിൽ വെച്ചു.
ഇനി എങ്ങനെ എന്ന ചിന്ത മനസിൽ കിടന്നു കറങ്ങുന്നു. കാരണം മുൻപോട്ടു പോയാൽ കാത്തിരിക്കുന്നത് കറുത്ത വാവിലെ ഇരുട്ടും പുലി, ആന, കാട്ടുപോത്ത്, കുറുക്കൻ മുതലായ കാട്ടുമൃഗങ്ങളാണ്, ചിലപ്പോൾ രാജാവെമ്പാലയും കടുവയും വരെ കണ്ടെന്നു വരാം. പോകാതിരിക്കാനും പറ്റില്ല. കോട്ടിന്റെ പോക്കറ്റിൽ നിന്ന്‌ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. സാധാരണ സിഗരറ്റു വലിക്കുമ്പോൾ എന്തെങ്കിലും ആശയം ഒക്കെ തോന്നേണ്ടതാണ്. ഇപ്പോ അതും ഇല്ല.
സിഗരറ്റ് വലിച്ചു തീർത്തു കുറ്റി ചവിട്ടി കെടുത്തി ഞാൻ പതിയെ ആറിന് സൈഡിലേക്ക് ഇറങ്ങി, വെള്ളത്തിൽ ചവിട്ടാതെ ഒരുവിധം നടന്നു ഞാൻ ചെക്ക്പോസ്റ്റിന് അപ്പുറം കടന്നു. മനുഷ്യരെ പറ്റിച്ചു, ഇനി പറ്റിക്കേണ്ടത് കാട്ടിലുള്ള മൃഗങ്ങളെ ആണ്. രാത്രി ഒന്നര മണിക്ക് ഞാൻ ഗവിയിലേക്കുള്ള ഇരുട്ടു നിറഞ്ഞ റോഡിലേക്ക് നോക്കി നിന്നു... ഇനിയുള്ള 19 കിലോമീറ്റർ, കൊടും കാട്, ഇരുട്ട്, വന്യ മൃഗങ്ങൾ. എന്റെ ശരീരം വിറപ്പിച്ചുകൊണ്ടു കാട്ടിൽ നിന്നുള്ള കാറ്റ് എന്നെ കടന്നുപോയി, അതിൽ കാട്ടാനയുടെ ചൂര് തിങ്ങി നിന്നിരുന്നു.
(തുടരും) ജെറിൻ💟

Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം