അരളിപ്പൂക്കൾ അഴുകുമ്പോൾ (3)

അങ്ങനെ എനിക്ക് ഇഷ്ടമില്ലാത്ത വെള്ള ഷർട്ടും ഇടീപ്പിച്ച് എന്നെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. എൻ്റെ കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നു. കൈകൾ വെള്ള ഗ്ലൗസ് ഇട്ട് നെഞ്ചോട് ചേർത്ത് ഒരു കുരിശും കയ്യിൽ പിടിപ്പിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടം ചെയ്യുന്നത് വരെ എൻ്റെ മുഖം മൂടിയ തുണി ഇപ്പൊൾ എൻ്റെ ദേഹത്ത് ഇല്ല, അത്കൊണ്ട് കൂടെ ഉള്ളവരെ എനിക്ക് വ്യക്തമായി കാണാം. എൻ്റെ അടുത്ത ബന്ധുക്കൾ ദുഃഖം കടിച്ചു പിടിച്ച് ഇരിക്കുന്നു. ഞാൻ ഒന്ന് മരിച്ചു എന്നു മാത്രമെ ഉള്ളൂ. എന്നെ ഇനി കാണാൻ പറ്റില്ല എന്നത് മാത്രമാണ് യാഥാർഥ്യം. അതിനു ഇത്രയും കരയേണ്ട കാര്യം ഇല്ലല്ലോ. ഇതൊക്കെ എനിക്ക് അവരോട് പറയാൻ പറ്റിയിരുന്നെങ്കിൽ. കുറെ സമയത്തെ യാത്രക്ക് ശേഷം ആംബുലൻസ് എൻ്റെ വീട്ടിൽ എത്തി. എന്നെ കാണാൻ നൂറുകണക്കിനാളുകൾ വീട്ടിലും മുറ്റത്തുമായി തടിച്ചു കൂടി നിൽക്കുന്നു. പലരെയും എനിക്ക് പരിചയമില്ല. ഡോർ തുറന്ന് എൻ്റെ ബന്ധുക്കൾ എന്നെ എടുത്ത് വീട്ടിലേക്ക് കയറ്റി. കൂടി നിന്ന ആളുകളുടെ അലർച്ച എന്നെ ഭീതിപ്പെടുത്തുന്നു. ആരൊക്കെയോ ചേർന്ന് താങ്ങി പിടിച്ചു കൊണ്ടുവന്ന ചാച്ചനും അമ്മയും ചേച്ചിയും എൻ്റെ നെഞ്ചിലേക്ക് വീണു അലമുറയിട്ടു കരയുന്നു. അമ്മയുടെ സഹോദരിമാർ ഞാൻ അവരുടെ വീടുകളിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ പറഞ്ഞു നിലവിളിക്കുന്നു. കരയാതെ നിൽക്കുന്ന ഒരു കണ്ണുകളും ഞാൻ കാണുന്നില്ല. ആരൊക്കെയോ വന്നു എൻ്റെ നെറ്റിയിൽ ചുംബിക്കുന്നു, കരയുന്നു. അവരുടെ കണ്ണുനീർ വീണ് എൻ്റെ മുഖം നനഞ്ഞു. അടുത്ത വീട്ടിലെ ചേച്ചിമാർ ഞാൻ പുല്ല് കെട്ട് പിടിച്ച് കൊടുത്തതും ചക്ക ഇടാൻ സഹായിച്ചതും പറഞ്ഞു വിലപിക്കുന്നു. ഞാൻ ഇതെല്ലാം കേട്ട് മരവിച്ചു കിടക്കുന്നു. ഞാൻ ഈശോയുടെ മുഖത്തേക്ക് നോക്കി. പെട്ടന്ന് ഞാൻ മുകളിലേക്ക് ഉയരുന്നത് പോലെ തോന്നി. എന്നെ ആരോ എടുത്ത് പൊക്കി എറിഞ്ഞത് പോലെ എൻ്റെ മൃത ശരീരത്തിന് ചുറ്റും കൂടി നിൽക്കുന്നവരുടെ ഇടയിലേക്ക് ഞാൻ നിന്നു. കരച്ചിലും ബഹളവും എനിക്ക് ഇഷ്ടമല്ല. ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു. ഞാൻ മരിച്ചു കിടന്ന കട്ടിലിൽ ആരൊക്കെയോ ഇരിപ്പുണ്ട്. എന്നെ പറ്റി തന്നെയാണ് അവർ സംസാരിക്കുന്നത്. എനിക്ക് പ്രിയപ്പെട്ട സ്മാർട്ട് വാച്ച് മേശയിൽ ഇരിപ്പുണ്ട്. അത് എടുത്ത് കയ്യിൽ കെട്ടാൻ ഞാൻ ശ്രമിച്ചു. അതിൽ തൊടാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ വിരലുകൾ വാച്ചിനെ കടന്നു പോകുന്നത് അല്ലാതെ എനിക്ക് അതിൽ സ്പർശിക്കാൻ പറ്റുന്നില്ല. ഞാൻ വീണ്ടും അമ്മയുടെയും ചേച്ചിയുടെയും അടുക്കൽ പോയി. അവർ ചേച്ചിയുടെ മുറിയിലെ കട്ടിലിൽ ഭിത്തിയിൽ ചാരി ഇരിക്കുന്നു. ഞാൻ അവരുടെ ഇടയിൽ ഇരുന്നു. ഇപ്പൊൾ അവർ കരയുന്നില്ല. എങ്കിലും കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു. ഞാൻ പതിയെ അമ്മയുടെ മടിയിലേക്ക് കിടന്നുകൊണ്ട് ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ആരോടും മിണ്ടാതെ നിർവികാരയായി ഇരിക്കുന്നു. ഞാനെൻ്റെ കാലുകൾ ചേച്ചിയുടെ മടിയിലേക്ക് വെച്ചു. ഇന്നലെ വരെ ഞാൻ ഏറ്റവും സുരക്ഷിതത്വം അനുഭവിച്ചത് ഇങ്ങനെ കിടക്കുമ്പോൾ ആയിരുന്നു. ഇനി എൻ്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലല്ലോ. പള്ളിയിലെ വികാരിയച്ചൻ ഒപ്പീസ് ചൊല്ലുന്നു. കന്യാസ്ത്രീകൾ പ്രാർഥനകൾ കൂടെ ചൊല്ലുന്നു. ക്ലോക്കിൽ സമയം പന്ത്രണ്ട് മണി ആയിട്ടുണ്ട്. മൂന്ന് മണിക്ക് എന്നെ അടക്കാൻ കൊണ്ടുപോകും എന്നാണ് പറഞ്ഞു കേട്ടത്. അമ്മയും ചേച്ചിയും കട്ടിലിൽ നിന്ന് എണീറ്റ് എന്നെ കിടത്തിയ പെട്ടിയുടെ അരികിലേക്ക് പോകുന്നു. എന്നെ ആരോ പൊക്കി എടുത്ത് എറിഞ്ഞത് പോലെ ഞാൻ പെട്ടിക്കുള്ളിൽ ആയി. ആരൊക്കെയോ കുറെ പൂക്കൾ എൻ്റെ ദേഹത്ത് ഇടുന്നു. അതിൽ കൂടുതലും എനിക്ക് ഇഷ്ടമില്ലാത്ത അരളി പൂക്കൾ ആണ്. അതിൻ്റെ വല്ലാത്ത മണം എൻ്റെ മൂക്കിലേക്ക് കയറുന്നുണ്ട്. എൻ്റെ കോളേജിൽ ഉള്ള എല്ലാവരും എന്നെ കാണാനായി വരുന്നു. എല്ലാവരുടെയും മുഖത്ത് ദുഃഖം ഉണ്ട്. എങ്കിലും എൻ്റെ ക്ലാസിൽ പഠിക്കുന്ന ദിവ്യ മാത്രം ഭയങ്കരമായി കരയുന്നു. രണ്ട് പേർ ചേർന്ന് താങ്ങി പിടിച്ചുകൊണ്ടാണ് അവളെ കൊണ്ടുവരുന്നത്. ഇവൾ മാത്രം എന്തിന് ഇത്ര കരയുന്നു. നേരെ ചൊവ്വേ ഞങൾ സംസാരിച്ചിട്ടു പോലുമില്ല. ഇടയ്ക്കൊക്കെ ഞാൻ ക്ലാസ്സ് കട്ട് ചെയ്താൽ ക്ലാസ് ടീച്ചറോട് റിപ്പോർട്ട് ചെയ്യുന്നത് ഇവൾ ആയിരുന്നല്ലോ. കുറെ നേരം അവളെൻ്റെ അടുക്കൽ നിന്ന് കരഞ്ഞു. അവസാനം ആരൊക്കെയോ ചേർന്ന് അവളെ പിടിച്ച് മാറ്റിക്കൊണ്ട് പോയി. ഞാൻ വീണ്ടും എൻ്റെ ശരീരത്തിൽ നിന്ന് സ്വതന്ത്രനായി. ആളുകളുടെ ഇടയിലൂടെ ഞാൻ ദിവ്യയുടെ അടുത്തേക്ക് ചെന്നു. അവള് എന്തൊക്കെയോ ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് കരയുന്നുണ്ട്. കൂടെ ഉള്ള പെൺകുട്ടികൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അവള് എന്താണ് പറയുന്നത് എന്ന് കേൾക്കണമല്ലോ. ഇന്ന് അവൻ ക്ലാസിൽ വരുമ്പോൾ എനിക്ക് അവനെ ഇഷ്ടമായിരുന്നു എന്ന് ഞാൻ പറഞ്ഞേനെ. ഇന്നവൻ്റെ ബർത്ത്ഡേ അല്ലെ, ഒരു ഗിഫ്റ്റ് അവനു കൊടുത്തു ഞാൻ പറഞ്ഞേനെ എനിക്ക് നിന്നെ ഇഷ്ടമാണെടാ എന്ന്. അത് കേൾക്കാൻ നിൽക്കാതെ അവൻ പോയില്ലേ എന്ന് പറഞ്ഞു ആണ് അവള് കരയുന്നത്. ബെസ്റ്റ്. ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നപ്പോൾ പറയാത്തത് ഞാൻ മരിച്ചു കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം. ഒരുപക്ഷേ നീ അത് പറഞ്ഞിരുന്നെങ്കിൽ ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുമായിരുന്നു എന്ന് ഞാൻ അവളോട് പറഞ്ഞു. പക്ഷേ ഞാൻ പറയുന്നത് ആർക്കും കേൾക്കാൻ പറ്റില്ലല്ലോ. ഞാൻ വീണ്ടും പെട്ടിയിൽ പോയി കിടന്നു. അമ്മയും അപ്പനും ചേച്ചിയുമൊക്കെ എൻ്റെ അടുത്ത് തന്നെ ഉണ്ട്. ചന്ദനത്തിരിയുടെ മണം ആണ് ചുറ്റും. ഇടയ്ക്ക് എൻ്റെ മുഖത്ത് വന്നിരിക്കുന്ന ഈച്ചയെ അമ്മ കൈകൊണ്ട് ഓടിക്കുന്നുണ്ട്. അമ്മയ്ക്ക് അറിയാം എനിക്ക് ഈച്ചകളെ ഇഷ്ടമല്ല എന്ന്. പക്ഷേ ആ ഈച്ച എൻ്റെ ദേഹത്ത് മുട്ടയിട്ട് വിരിയുന്ന പുഴുക്കൾ മാത്രമേ ഇനി എനിക്ക് കൂട്ടായി ഉള്ളൂ എന്ന് അമ്മയ്ക്ക് അറിയില്ലല്ലോ.

നേരം കടന്നുപോയി. മൃതസംസ്കാരത്തിനു മുന്നോടിയായി ഉള്ള പ്രാർഥനകൾ വീട്ടിൽ തുടങ്ങി. മൂന്ന് നാല് അച്ചന്മാർ ഉണ്ട്. ഇനി എനിക്ക് ഇവിടെ അധിക സമയം ഇല്ല. ഞാൻ വളർന്ന വീടും സ്ഥലവും വിട്ട് എനിക്ക് പോകാൻ നേരമായി. അതിനു മുൻപ് എല്ലാം ഒന്നുകൂടി കാണാം എന്ന് കരുതി ഞാൻ പെട്ടിയിൽ നിന്നും എണീറ്റു. ആദ്യമേ പോയത് വീടിനു പിന്നിലുള്ള അടുക്കള തോട്ടത്തിലേക്ക് ആണ്. അവിടെ ഞാൻ കഴിഞ്ഞ ആഴ്ച നട്ട മുളക് തൈകൾ വെയിലേറ്റ് വാടി നിൽക്കുന്നു. എന്നും ഞാൻ വെള്ളം നനച്ചിരുന്നു. എന്നെ കണ്ടപ്പോൾ അവ തല കുലുക്കി അഭിവാദ്യം ചെയ്യുന്നത് പോലെ തോന്നി. വീട്ടിലെ ചക്കി പൂച്ച ചുരുണ്ട് കിടപ്പുണ്ട് ഒരു കസേരയുടെ അടിയിൽ. എന്നെ കണ്ടപാടെ തല ഉയർത്തി നോക്കി. എണീറ്റ് വന്നു എൻ്റെ കാൽച്ചുവട്ടിൽ കുറെ നേരം നിന്നു. പതിവായി വീട്ടിൽ വരാറുള്ള പക്ഷികളെ ഒന്നും ഇന്ന് കാണുന്നില്ല. ഞാൻ അടുക്കളയിലേക്ക് കയറി. വെളുപ്പിനെ മുറിച്ച റെഡ് വെൽവെറ്റ് കേക്ക് ഒരു മൂലയിൽ ഇരിപ്പുണ്ട്. അതിൽ എൻ്റെ പേര് എഴുതിയ ഭാഗത്ത് കുറച്ച് ഉറുമ്പുകൾ അരിക്കുന്നു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത വർഗ്ഗം ആണ് അവ. പക്ഷേ ഇനി എനിക്ക് കൂട്ടിന് ഉള്ളത് ഉറുമ്പും പാറ്റയും പുഴുക്കളും ഒക്കെ ആണല്ലോ. എന്നെ കാത്ത് എനിക്കായി ഒരുക്കിയ കുഴിയുടെ വിടവുകളിൽ അവ ഇരിപ്പുണ്ടാവും. വീടിൻ്റെ എല്ലാ സ്ഥലത്തും ആളുകൾ നിറഞ്ഞിരിക്കുന്നു. എൻ്റെ പെട്ടിയുടെ അരികിൽ നിൽക്കുന്ന അച്ചൻ എന്നെ പറ്റി ആണ് സംസാരിക്കുന്നത്. പള്ളിയിൽ നിന്ന് ടൂർ പോയപ്പോൾ ഉള്ള കാര്യങ്ങളും, ഞാൻ പുൽക്കൂട് ഉണ്ടാക്കിയ കാര്യങ്ങളും ഒക്കെ പറയുമ്പോൾ ചുറ്റും ഉള്ളവർ ഓർത്തോർത്ത് കരയുന്നു. പ്രസംഗം കഴിഞ്ഞ് ബാക്കി പ്രാർഥനകൾ അച്ചന്മാർ മാറി മാറി ചൊല്ലി. അവസാനം മൃതദേഹം പള്ളിയിലേക്ക് എടുക്കുകയാണ് എന്ന് പറഞ്ഞു. അപ്പനും അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളും ഒക്കെ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് എനിക്ക് അന്ത്യ ചുംബനം നൽകുന്നു. തിരിച്ച് ഒരു ഉമ്മ കൊടുക്കാനോ കരയേണ്ട എന്ന് പറയാനോ പറ്റാത്ത അവസ്ഥയിൽ ഞാൻ മരവിച്ചു കിടക്കുകയാണ്. ഞാൻ ഒരിക്കൽ കൂടി എൻ്റെ വീടിനെ നോക്കി. ഇരുപത് വർഷക്കാലം എന്നെ സംരക്ഷിച്ച എൻ്റെ വീടിനോട് ഞാൻ വിടപറയുകയാണ്. അപ്പോഴേക്കും വിടവാങ്ങുന്നേൻ എന്ന പാട്ട് മുഴങ്ങി. ഇനി പള്ളിയിലേക്ക്. ഇനി ഒരു തിരിച്ചു വരവ് ഇല്ല എന്ന യാഥാർഥ്യം മനസ്സിലാക്കി എൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. അടുത്ത ബന്ധുക്കൾ എൻ്റെ പെട്ടി എടുത്ത് വിലാപങ്ങളുടെ നടുവിലൂടെ എന്നെ ആംബുലൻസിൽ കയറ്റി. ഇത്തവണ എൻ്റെ വീട്ടിൽ ഉളളവർ ആണ് ആംബുലൻസിൽ എൻ്റെ കൂടെ ഉള്ളത്. അവരോടൊപ്പം ഉള്ള എൻ്റെ അവസാന യാത്ര ഇതാണല്ലോ. പോകുന്ന വഴിയിലും വാഹനങ്ങളിലും എല്ലാം എൻ്റെ ഫോട്ടോ മാത്രം.  പള്ളി അടുത്ത് ആയതിനാൽ വേഗം തന്നെ പള്ളി മുറ്റത്ത് എത്തി. വീട്ടിൽ ഉണ്ടായിരുന്നതിനേക്കാൾ ആൾക്കൂട്ടം അവിടെ ഉണ്ട്. അവസാനമായി ഞാൻ പള്ളിയിലേക്ക് കയറുകയാണ്. ഒരുപാട് കുർബാന കണ്ട അൾത്താരയുടെ മുന്നിൽ എന്നെ കിടത്തി. അൾത്താരയിലേക്ക് നോക്കി ഞാൻ കിടന്നു. വീണ്ടും കുറെ പ്രാർഥനകൾ. ചില ആളുകളുടെ അനുശോചന സന്ദേശങ്ങൾ. അപ്പനും അമ്മയും ചേച്ചിയും എൻ്റെ ദേഹത്ത് പിടിച്ചുകൊണ്ട് എൻ്റെ ചുറ്റും ഉണ്ട്. ഈ പ്രാർഥനകൾ നീണ്ടു പോയിരുന്നെങ്കിൽ അത്രയും സമയം കൂടി എനിക്ക് ഇവരോടൊപ്പം ഇരിക്കാമായിരുന്നല്ലോ. കുറച്ചു സമയത്തിനുള്ളിൽ പാറ്റയും ഉറുമ്പുകളും പുഴുക്കളും ഒളിഞ്ഞിരിക്കുന്ന കുഴിയിലേക്ക് എന്നെ ഇറക്കിയിട്ട് ഇവരെല്ലാം പോകും. ദിവ്യ വന്നു അമ്മയുടെ അടുത്ത് ഇരുന്നു. അമ്മ ഇടയ്ക്ക് അവളെ നോക്കുന്നുണ്ട്. എനിക്ക് ഒന്നും അറിയില്ല അമ്മേ എന്ന് അമ്മയുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു. പക്ഷേ അത് ആരും കേൾക്കുന്നില്ലല്ലോ. പള്ളിയിലെ പ്രാർഥനകൾ കഴിഞ്ഞു. എന്നെ സെമിത്തേരിയിൽ കൊണ്ടുപോയി. ആളുകൾ ഓരോരുത്തരായി വന്നു എൻ്റെ പെട്ടിക്കുളിൽ ഓരോ കൈ അരളിപ്പൂക്കൾ വെച്ചിട്ട് എൻ്റെ മുഖത്തേക്ക് നോക്കി കടന്നു പോകുന്നു. പലരെയും എനിക്ക് അറിയില്ല എങ്കിലും ഇനി ഇവരെ കാണാൻ പറ്റില്ലല്ലോ എന്നോർത്ത് ഞാൻ കിടന്നു. വത്സലരാമെൻ സോദരരേ, സ്നേഹിത ഗണമേ കരയരുതേ, നീണ്ടൊരു ജീവിതം അഖിലേശൻ നിങ്ങൾക്ക് ഭൂമിയിൽ അരുളട്ടെ എന്ന പാട്ട് ആരൊക്കെയോ പാടുന്നുണ്ട്.
അവസാനം അന്ത്യ ചുംബനത്തിൻ്റെ സമയം എത്തി. നീ പോകുവാണോടാ കൊച്ചെ എന്ന് ചോദിച്ച് അമ്മയും അപ്പനും ചേച്ചിയും ബന്ധുക്കളും ഒക്കെ പെട്ടിയിലേക്ക് വീണു കരയുന്നു. ദിവ്യയും വന്നു. അവളെൻ്റെ മുഖത്തും നെറ്റിയിലും ഒക്കെ തലോടിക്കൊണ്ട് എൻ്റെ നെറ്റിയിൽ ഒരുമ്മ തന്നു. ഞാൻ മരിക്കും മുൻപ് എന്നെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു ഉമ്മ എങ്കിലും നിനക്കും തരുമായിരുന്നു എന്ന് ഞാൻ മനസ്സിൽ ഓർത്തു. ആരോ എൻ്റെ പെട്ടിയുടെ അടപ്പ് കൊണ്ടുവന്നു പെട്ടി മൂടി. എങ്കിലും എനിക്ക് എല്ലാവരെയും കാണാം. പക്ഷേ പെട്ടിക്കുള്ളിൽ ഉള്ള അരളി പൂക്കളുടെ മണം എനിക്ക് അലോസരമായി തോന്നി. രണ്ട് കയറുകൾ ഉപയോഗിച്ച് എന്നെ കുഴിയിലേക്ക് ഇറക്കി. ചുറ്റും കൂടി നിന്ന ആളുകൾ പെട്ടിയുടെ മുകളിലേക്ക് കുന്തിരിക്കം എറിയുന്ന ശബ്ദം മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ. മൂന്ന് കനപ്പെട്ട കോൺക്രീറ്റ് സ്ലാബുകൾ എൻ്റെ കുഴിയുടെ മുകളിലേക്ക് വെച്ച് മൂടി. കുറെ നേരം കഴിഞ്ഞു. എല്ലാവരും തിരികെ പോകുന്നു. അവസാനമായി അപ്പനും അമ്മയും ചേച്ചിയും പോയി. എന്നെ ഒന്ന് തിരിഞ്ഞ് നോക്കമ്മെ എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. അത് കേൾക്കാത്തത് കൊണ്ടാവണം അമ്മ തിരിഞ്ഞ് നോക്കിയില്ല.നാളെ രാവിലെ വരുമ്പോൾ കാണാമല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു. നേരം ഇരുട്ടി തുടങ്ങി. കുഴിയുടെ വിടവുകൾ ഒളിച്ചിരുന്ന പാറ്റകളും ഉറുമ്പുകളും എൻ്റെ പെട്ടിയുടെ അടിയിലൂടെ ഉള്ളിലേക്ക് കയറി. പകൽ എൻ്റെ ദേഹത്ത് വന്നിരുന്ന ഈച്ചകൾ ഇട്ടിട്ട് പോയ മുട്ടകൾ വിരിഞ്ഞു പുറത്തിറങ്ങാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ പലതു കഴിഞ്ഞു. എന്നും അമ്മയും അപ്പനും ചേച്ചിയും ഒക്കെ കാണാൻ വരുമായിരുന്നു. കുറെ ആളുകളും കൂടെ ഉണ്ടാവും. ഓരോ ദിവസവും ആളുകളുടെ എണ്ണം കുറഞ്ഞു വന്നു. ഇപ്പൊൾ അമ്മ പോലും വരാറില്ല. എനിക്ക് ആണെങ്കിൽ സെമിത്തേരിയുടെ മതിലിനു പുറത്തേക്ക് കടക്കാനും പറ്റുന്നില്ല. ഇന്നൊരു ഞായറാഴ്ച ആണ്. ഞാൻ സെമിത്തേരി മതിലിൻ്റെ സമീപം നിൽക്കുകയാണ്. പള്ളിയിലും മുറ്റത്തും കുറെ ആളുകൾ ഉണ്ട്. എങ്കിലും ഇങ്ങോട്ട് ആരും നോക്കുന്നു പോലുമില്ല. കുർബാന കഴിഞ്ഞെന്നു തോന്നുന്നു. ആളുകൾ ഇറങ്ങി തുടങ്ങി. അതാ അമ്മയും ചേച്ചിയും. അമ്മ പച്ച സാരി ഒക്കെ ഉടുത്ത് ചേച്ചിയോട് വർത്തമാനം പറഞ്ഞു നടന്നു പോകുന്നു. ഒന്ന് ഇങ്ങോട്ട് തിരിഞ്ഞ് നോക്ക് അമ്മേ, ചേച്ചീ, ഞാൻ ഇവിടെ ഉണ്ട് എന്നൊക്കെ ഞാൻ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. പക്ഷേ ആരും തിരിഞ്ഞ് നോക്കിയില്ല. അവർ കണ്ണിൽ നിന്ന് മറയും വരെ നോക്കി നിന്നു.

 അവസാനം  ഞാൻ തിരികെ എൻ്റെ കുഴിയിലേക്ക് പോയി. പുഴുക്കൾ മാത്രമേ ഉള്ളൂ പെട്ടി നിറയെ. എൻ്റെ ശരീരം അഴുകുന്ന മണം സഹിക്കാൻ പറ്റുന്നില്ല. എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന അരളി പൂക്കളും എന്നോടൊപ്പം അഴുകുന്നുണ്ട്. പക്ഷേ ശരീരം അഴുകുന്ന ദുർഗന്ധത്തേക്കാൾ എത്രയോ സുന്ദരമായ ഗന്ധം ആണ് അരളിപ്പൂക്കൾ അഴുകുമ്പോൾ.
( ജെറിൻ )

Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം