മാലാഖ

പതിനേഴു വർഷം മുൻപ് മരതക പച്ച പുതച്ച കലാലയത്തിന് പുറത്ത് വെച്ച് അവൻ ഒരു മാലാഖയെ കണ്ടൂ. വർണ ശബളമായ ചിറകുകൾ ഉള്ള ഒരു മാലാഖ. പ്രതീക്ഷക്ക് വിപരീതമായ സൗകര്യങ്ങൾ കണ്ടതിൻ്റെ അമ്പരപ്പും നിരാശയും ആദ്യ ദിനങ്ങളിൽ ആ മാലാഖയുടെ മുഖത്ത് നിഴലിച്ചിരുന്നു. പതിയെ പതിയെ അവളുടെ നിരാശയും അമ്പരപ്പും മാറി വന്നു. എങ്കിലും ചില ഇരുണ്ട മാലാഖമാർ അവളെ നിരന്തരം ശല്യം ചെയ്തിരുന്നു. വെണ്മയേ ഇരുട്ടിൽ ആക്കാൻ തക്കം പാർത്തിരിക്കുന്ന ഇരുണ്ട മാലാഖമാർ. എങ്കിലും അവളെ അയച്ചവൻ കൊടുത്ത പ്രചോദനം ഉൾക്കൊണ്ട് അവളും ആ കലാലയത്തിൻ്റെ ഭാഗമായി.താൻ ഇരുണ്ട മാലാഖയോ വെളുത്ത മാലാഖയോ എന്ന് ഉറപ്പില്ലാത്ത അവനാകട്ടെ വർണ ചിറകുകൾ ഉള്ള മാലാഖയെ പിന്തുടർന്നു. പക്ഷേ, അവൾ ഇരുണ്ട ലോകത്തെ പിന്തുടരുന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അവൻ അവളെ പിന്തുടരുന്നത് പൂർണമായി നിർത്തി. വർഷങ്ങൾ കഴിഞ്ഞ് ആണ് ഇരുണ്ട ലോകം ഇറക്കി വിട്ട ഒരു അസത്യം ആയിരുന്നു അത് എന്ന് അവൻ അറിഞ്ഞത്. അപ്പോളേക്കും അവനും ഒരു ഇരുണ്ട മാലാഖ ആയി മാറിയിരുന്നു. കാലം പിന്നെയും കടന്നു പോയി. ഈ രണ്ടു മാലാഖമാരുടെയും ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. അവൻ ആഗ്രഹിച്ച മാലാഖ വേറെ ഒരാളുടെ സ്വന്തം ആയി, അവനും അവൻ ആഗ്രഹിക്കാത്ത ഒരാളുടെ സ്വന്തം ആയി. കാല ചക്രം പിന്നെയും നീങ്ങി. അർഹത ഇല്ലാത്ത സ്ഥലത്ത് അർഹത ഇല്ലാത്ത കാര്യങ്ങൾ നിലനിൽക്കില്ല എന്ന പ്രകൃതി നിയമം അവർക്കിടയിലും പ്രവർത്തിച്ചു. മനസോടെയോ മനസ്സില്ലാതെയോ അവർ കഴിഞ്ഞ തടവറയിൽ നിന്ന് അവർ മോചിക്കപ്പെട്ടു. അവൾക്ക് തിരികെ ചെന്നിരിക്കാൻ അവളെ അയച്ചവൻ്റെ തണൽ ഇല്ലായിരുന്നു. അവനാകട്ടെ, അവൻ്റെ തണൽ വേണ്ടിയിരുന്ന രണ്ടു കുഞ്ഞു മാലാഖമാരെ ആണ് നഷ്ടമായത്. നഷ്ടങ്ങളുടെ വേദനയിൽ അവർ കഴിയവേ കാലം കടന്നു പോയി. വർണ ചിറകുള്ള മാലാഖയുടെ ചിറകിലെ നിറങ്ങൾ നരച്ചു. പതുക്കെ അത് വെളുത്തു. അങ്ങനെ വെൺ ചിറകുള്ള മാലാഖ മരുഭൂമിയിലെ ചൂടിലേക്ക് എത്തപ്പെട്ടു. അവൻ്റെ ചിറകുകൾ കൂടുതൽ ഇരുണ്ടതായി. പറക്കാൻ പറ്റാത്തതിനാൽ അവൻ മരതകപ്പച്ച നിറഞ്ഞ നാട്ടിൽ തന്നെ കുടുങ്ങി കിടന്നു. പിന്നീടുള്ള മൂന്ന് വർഷങ്ങൾ രണ്ട് പേർക്കും പല പരീക്ഷണങ്ങൾക്കും ഉള്ള കാലഘട്ടം ആയിരുന്നു. അർഹത ഉള്ളത് അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചേരും എന്ന പ്രകൃതി നിയമം വീണ്ടും അവർക്കിടയിൽ മാർക്ക് സുക്കർബർഗ് എന്ന ജൂതൻ്റെ രൂപത്തിൽ പ്രവർത്തിച്ചു.
അങ്ങനെ ഒരു നാൾ അവൻ അവൻ്റെ മാലാഖയെ മരുഭൂമിയിൽ കണ്ടെത്തി. നിറം മങ്ങിയ അവളുടെ ചിറകുകളിൽ വർണം നൽകാൻ അവൻ വീണ്ടും ആഗ്രഹിച്ചു. അവൻ്റെ മാലാഖ ആകട്ടെ അവനു പിടി കൊടുക്കാതെ മാറി മാറി നിന്നു. പക്ഷേ ഒരിക്കൽ അവൻ അവളുടെ ചിറകുകൾക്ക് വർണം നൽകും, അവർ ഇരുവരും പറന്നുയർന്നു അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് കൂട് കൂട്ടും.

(അവസാനിച്ചു) ജെറിൻ ❤️


Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം